കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ആരാധകർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് മർദനമേറ്റു. ‘വേൾഡ് കപ്പ് 2026’ എന്ന പ്രാദേശിക വാട്സ്ആപ്പ് കൂട്ടായ്മയിൽ ബ്രസീൽ-അർജന്റീന ആരാധകർ തമ്മിൽ കഴിഞ്ഞ 16-ാം തീയതി രാത്രിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.
തർക്കത്തിന് പിന്നാലെ രാത്രി പത്തരയോടെ അർജന്റീന ആരാധകരായ രണ്ടുപേർ ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മർദിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ യുവാക്കളുടെ ബൈക്കും വീടിന്റെ ജനൽ ചില്ലുകളും അക്രമികൾ തകർത്തിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

