പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ രാഷ്ട്രീയ പിൻഗാമിയായി അദ്ദേഹത്തിന്റെ 13 വയസ്സുള്ള മകൾ കിം ജു ഏ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS). പൊതുപരിപാടികളിലെ പങ്കാളിത്തവും അവൾക്ക് നൽകുന്ന ഉയർന്ന ഔദ്യോഗിക പ്രോട്ടോക്കോളുകളും വിശകലനം ചെയ്താണ് ഇന്റലിജൻസ് ഏജൻസി ഈ നിഗമനത്തിലെത്തിയത്.
കിമ്മിന് ഒരു മകനുണ്ടോ എന്ന് ഏജൻസി പരിശോധിക്കുന്നുണ്ടെങ്കിലും, അങ്ങനെയൊരാളുണ്ടെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ പിൻഗാമിയാകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
1948 മുതൽ പുരുഷന്മാരായ ഭരണാധികാരികൾ മാത്രം ഭരിച്ച കടുത്ത പുരുഷാധിപത്യ വ്യവസ്ഥിതിയുള്ള ഉത്തര കൊറിയ ഒരു വനിതാ ഭരണാധികാരിയെ സ്വീകരിക്കുമോ എന്ന് ചില വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, തന്ത്രപ്രധാന സൈനിക പരേഡുകളിലും മിസൈൽ വിക്ഷേപണങ്ങളിലും കിമ്മിനൊപ്പം ജു ഏ നിരന്തരം സാന്നിധ്യമറിയിക്കുന്നുണ്ട്.

