കങ്കുവ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടൻ സൂര്യ കേരളത്തിലെത്തി. നടൻ കൊച്ചി എയർപോർട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വലിയ ജനക്കൂട്ടം തന്നെയാണ് താരത്തെ കാണുന്നതിന് എയർപോർട്ടിൽ തടിച്ചുകൂടിയത്.
ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ നടൻ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് കങ്കുവയുടെ കേരളത്തിലെ പ്രമോഷൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം ലുലു മാളിൽ വെച്ചാണ് കൊച്ചിയിലെ പ്രമോഷൻ പരിപാടി നടക്കുക. ശ്രീ ഗോകുലം മൂവീസ് ആണ് കങ്കുവ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്.
കേരള, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കങ്കുവയുടെ ആദ്യ ഷോ നാല് മണി മുതൽ ആരംഭിക്കും.രണ്ട് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
നവംബർ 14 ന് ചിത്രം തിയേറ്ററിലെത്തും. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഫ്രാൻസിസ് എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്ബോളിവുഡ് നടി ദിഷ പഠാണിയാണ് ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്.
ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.