ആരാധകർ ഏറെ ആവേശത്തോടെയും കൗതുകത്തോടെയും കേട്ട വാർത്തകളിൽ ഒന്നായിരുന്നു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്നത്. മഹേഷ് നാരായണനാണ് ഇരുവരെയും ഒന്നിപ്പിച്ചുകൊണ്ട് ചിത്രമൊരുക്കുന്നത്. മലയാള സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആറിന് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഒഫീഷ്യൽ ലോഞ്ചും ആ ദിവസം നടക്കുമെന്നാണ് സൂചന.
ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും അദ്ദേഹം മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുക എന്നാണ് വിവരം.സിനിമയിൽ മോഹൻലാൽ ഒരു കാമിയോ വേഷത്തിലാകുമെത്തുക എന്നും റിപ്പോർട്ടുകളുണ്ട്.
ജനുവരിയിലായിരിക്കും മോഹന്‍ലാല്‍ മഹേഷ് നാരായണന് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം 15 ദിവസത്തെ ഷെഡ്യൂളാണ് നടനുള്ളത്. ശ്രീലങ്കയിലായിരിക്കും മമ്മൂട്ടി-മോഹന്‍ലാല്‍ രംഗങ്ങൾ ചിത്രീകരിക്കുക എന്നും സൂചനകളുണ്ട്.
സിനിമയുടെ ബജറ്റ് ഏകദേശം 80 കോടിയോളം രൂപയായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം എന്നാണ് സൂചന. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവരും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്.