സിനിമാ ലോകം കാത്തിരുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം നാളെ (ഫെബ്രുവരി 26) നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ‘ഐടിസി മെമെന്റോസ്’ ആഡംബര റിസോർട്ടാണ് വിവാഹവേദി.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇത്.ആഡംബരങ്ങൾ ഒഴിവാക്കി, ഉദയ്പൂരിലെ ഐടിസി മെമെന്റോസ് റിസോർട്ടിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന നൂറിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക.
ആരവല്ലി കുന്നുകൾക്ക് മുകളിലുള്ള ഈ സ്വകാര്യ വേദിയിൽ അതീവ രഹസ്യമായാണ് ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കാൻ അന്താരാഷ്ട്ര സുരക്ഷാ ഏജൻസിയുടെ കാവലിലാണ് വിവാഹം നടക്കുന്നത്. ചിത്രങ്ങൾ ചോരാതിരിക്കാൻ മൊബൈൽ ക്യാമറകൾക്ക് കർശന വിലക്കുണ്ട്.
രാജസ്ഥാനിലെ ഏറ്റവും ചെലവേറിയ വിവാഹവേദികളിലൊന്നായ ഐടിസി മെമെന്റോസിൽ ഒരു രാത്രി താമസത്തിന് 50,000 രൂപ വരെയാണ് നിരക്ക്. ഏകദേശം 90 ലക്ഷം മുതൽ 2.5 കോടി രൂപ വരെയാണ് വിവാഹത്തിനായി മാത്രം ചെലവ് കണക്കാക്കുന്നത്.
അത്യാധുനിക വില്ലകളും മനോഹരമായ കാഴ്ചകളും നിറഞ്ഞ ഈ റിസോർട്ട് അത്യാഡംബര സൗകര്യങ്ങളാൽ സമ്പന്നമാണ്.വിവാഹത്തിനായി വിജയും രശ്മികയും കുടുംബസമേതം ഉദയ്പൂരിലെത്തി. വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഇവർക്ക് ഒരുക്കിയിരുന്നത്.
പൂൾ പാർട്ടിയും വെൽക്കം ഡിന്നറും പൂർത്തിയായ സാഹചര്യത്തിൽ, മെഹന്തി, ഹൽദി, സംഗീത് ചടങ്ങുകൾ ഇന്നു നടക്കും.വർഷങ്ങളായുള്ള അഭ്യൂഹങ്ങൾക്കൊടുവിൽ ‘ഗീതാ ഗോവിന്ദം’, ‘ഡിയർ കൊമ്രേഡ്’ ജോഡികൾ നാളെ ജീവിതത്തിലും ഒന്നിക്കുന്നു.
പ്രിയ താരങ്ങളുടെ ഈ വിവാഹം വലിയ ആവേശത്തോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
രാജകീയ വിവാഹങ്ങളുടെ ഇഷ്ടകേന്ദ്രമായ ഉദയ്പൂരിൽ നേരത്തെ പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹം നടന്നിരുന്നു. അടുത്തിടെ കോടീശ്വരൻ രാജു മന്ദേനയുടെ മകൾ നേത്രയുടെ വിവാഹവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
