ഐപിഎലിൽ അയ്യായിരം റൺസ് തികയ്ക്കുന്ന പത്താമത്തെ താരമെന്ന ചരിത്രനേട്ടം കുറിച്ച് സഞ്ജു സാംസൺ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരമായ സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്.
നേരിട്ട പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ (3555 ബോളുകൾ) അയ്യായിരം റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. സുരേഷ് റെയ്നയുടെ റെക്കോർഡാണ് (3620 ബോളുകൾ) സഞ്ജു തകർത്തത്. നേട്ടം കൈവരിച്ചതിന് പിന്നാലെ 11 റൺസുമായി താരം പുറത്തായി.
ഐപിഎല്ലിൽ വേഗത്തിൽ അയ്യായിരം റൺസ് തികയ്ക്കുന്ന താരങ്ങളിൽ എ.ബി. ഡിവില്ലിയേഴ്സ് (3288 പന്തുകൾ), ഡേവിഡ് വാർണർ (3554) എന്നിവർക്ക് പിന്നിലായി സഞ്ജു ഇടംപിടിച്ചു. ഇന്നിങ്സുകളുടെ കണക്കെടുത്താൽ 130 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം കുറിച്ച കെ.എൽ. രാഹുലാണ് ഒന്നാമത്.
സഞ്ജു 180 ഇന്നിങ്സുകളിൽ നിന്നാണ് 5000 റൺസിലെത്തിയത്. എന്നാൽ റെക്കോർഡ് കുറിച്ച മത്സരത്തിൽ തിളങ്ങാൻ സഞ്ജുവിനായില്ല; 15 പന്തിൽ 11 റൺസെടുത്ത താരത്തെ കഗീസോ റബാദ പുറത്താക്കി.
