താരസംഘടനയായ ‘അമ്മ’യിൽ (AMMA) ഭരണഘടനാ പ്രതിസന്ധിയും ആഭ്യന്തര കലഹവും പുതിയ തലത്തിലേക്ക്. അഡ്ഹോക് കമ്മിറ്റി യോഗത്തിന് പിന്നാലെ, മുൻ ഭരണസമിതി അംഗങ്ങളായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ തങ്ങളുടെ രാജി ഔദ്യോഗിക ഇമെയിൽ വഴി സമർപ്പിച്ചു.

വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറി അൻസിബ ഹസനും നേരത്തെ തന്നെ ഔദ്യോഗികമായി രാജിവച്ചിരുന്നു. എന്നാൽ, താൻ ഇപ്പോഴും ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കിയതോടെയാണ് നാടകീയ നീക്കങ്ങൾ ആരംഭിച്ചത്.

സംഘടനയെ അനാഥമാക്കിയിട്ടില്ലെന്നും, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും ശ്വേത ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും, പുതിയ ഭരണസമിതി വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ തുടരണമെന്നുമാണ് ഇവരുടെ വാദം.

പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെയുള്ള പ്രധാന ഭാരവാഹികൾ ഔദ്യോഗികമായി രാജി നൽകാത്ത സാഹചര്യത്തിൽ നിലവിലെ അഡ്ഹോക് കമ്മിറ്റിയുടെ തീരുമാനങ്ങൾക്കെതിരെ ശ്വേത മേനോൻ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഇതോടെ സംഘടന വലിയൊരു നിയമപോരാട്ടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *