ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതിയ നാഴികക്കല്ല്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജൂലൈ 18 ഉച്ചയ്ക്ക് 12.05-നായിരുന്നു റോക്കറ്റ് കുതിച്ചുയർന്നത്.
രാവിലെ 11.30-നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും, ആദ്യ കൗണ്ട്ഡൗണിൽ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്ന് മുൻകരുതൽ നടപടിയെന്നോണം അഞ്ച് മിനിറ്റ് നീട്ടിവെക്കുകയായിരുന്നു. തുടർന്ന് നടന്ന രണ്ടാമത്തെ കൗണ്ട്ഡൗണിലാണ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ ഏജൻസി ‘സ്കൈറൂട്ട് എയറോസ്പേസ്’ ആണ് വിക്രം-1 നിർമ്മിച്ചിരിക്കുന്നത്.
ഓപ്പറേഷൻ ‘ആഗമൻ‘
‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ ഉപഗ്രഹങ്ങൾക്ക് പകരം വിവിധ സ്റ്റാർട്ടപ്പുകളുടെ ആറ് പേലോഡുകളാണ് വിക്രം-1 വഹിക്കുന്നത്. ബഹിരാകാശ മാലിന്യങ്ങൾ പിടിച്ചെടുക്കാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് (കോസ്മോസെർവ് സ്പേസിന്റെ ‘എംബ്രേസ്’), ഗ്രഹാ സ്പേസിന്റെ ‘സോളാരസ് എസ് ത്രീ’, സ്കൈറൂട്ടിന്റെ സ്വന്തം ‘സ്കോപ്പ് സാറ്റ്’ എന്നിവയാണ് പ്രധാന പേലോഡുകൾ. ജർമ്മൻ കമ്പനിയായ ഡിക്യൂബ്ഡ് സ്പേസിന്റെ സാങ്കേതിക പരീക്ഷണവും ഇതിലുണ്ട്

