റേസിങ് കമ്പം ഏറെയുള്ള താരമാണ് അജിത് കുമാർ. കാർ റേസിങ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി റേസിങ് ടീമിനെ നടൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ആരാധകരിൽ തീ പിടിപ്പിച്ചിരിക്കുന്നത് അജിതിന്റെ റേസിങ് കാറിന്റെ ചിത്രങ്ങളാണ്.
അജിത് കാറിനൊപ്പം നിൽക്കുന്ന ഫോട്ടോയും ട്രാക്കിൽ ഓടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്സ്‌പെയിനിലെ സർക്യൂട്ട് ഡി ബാഴ്‌സലോണ-കാറ്റലൂനിയയിൽ അജിത് തന്റെ റേസിങ് കാറായ ഫെരാരി 488 ഇവിഒയ്ക്കടുത്ത് നിൽക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്.
വെള്ളയും ചുവപ്പും മഞ്ഞയും നിറത്തിൽ അജിത് കുമാർ റേസിങ് എന്നെഴുതിയ കാറിനടുത്ത് റേസിങ് സ്യൂട്ടിലാണ് നടനെ കാണുന്നത്.ബൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചിരുന്നു.
പോർഷെ 992 ജിടി3 കപ്പിനുവേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം പങ്കെടുക്കുക. അജിത്, നേരത്തെ വിവിധ രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കാർ റേസിങ്ങിനു പുറമേ ദേശീയ മോട്ടർ സൈക്കിൾ റേസിങ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.