സിനിമയെന്ന ആ​ഗ്രഹം കൈവിടാതെ 20 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായ പുതുമുഖ താരമാണ് നിതിൻ തോമസ്. ഇപ്പോഴിതാ ഷെയ്ൻ നി​ഗത്തിന്റെ വില്ലനായാണ് നിതിൻ എത്തുന്നത്. കബഡിക്കും സംഘടനത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ് ഷെയ്ൻ നിഗത്തിൻ്റെ 25-ാം ചിത്രം. സന്തോഷ് ടി കുരുവിളയും ബിനു അലക്‌സാണ്ടർ ജോർജും ചേർന്നാണ് നിർമ്മാണം.

ഉണ്ണി ശിവലിംഗമാണ് രചനയും സംവിധാനവും നിർവ​ഹിക്കുന്നത്. 2006 മുതൽ സിനിമയിൽ സജീവമാണെങ്കിലും നിതിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയത് 2012 മുതലാണ്. “ലിറ്റിൽ മാസ്റ്റർ” എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നിതിൻ “ആഹാ”, “ക്രിസ്റ്റഫർ” തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്രമേഖലയിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ഉറപ്പിച്ചു.2006-ലാണ് സിനിമ ഒരു കരിയർ ആക്കാമെന്ന് തോന്നിയതെന്ന് നിതിൻ പറയുന്നു.

ആ വർഷം തന്റെ സീനിയറായ കുര്യന്റെ ഫൈനൽ പ്രൊജക്ടിൽ നായകനായാണ് നിതിൻ എത്തിയിരുന്നത്. ഇതോടെയാണ് അഭിനയം കരിയർ ആക്കാമെന്ന് തീരുമാനിച്ചതെന്ന് നിതിൻപറഞ്ഞു.2012 ൽ ലിറ്റിൽ മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ചാണ് സിനിമയിലേക്ക് നിതിൻ എത്തുന്നത്. തിരാക്കഥാകൃത്തായ മഹേഷ് മിത്ര വഴി അതിലൊരു ചെറിയ കഥാപാത്രം താരം അഭിനയിച്ചു.

ഫേസ്ബുക്കിലെ ഒരുപോസ്റ്റിന്റെ അടിയിൽ ഇട്ട കമന്റാണ് അത്തരമൊരു അവസരത്തിന് വഴിതുറന്നതെന്ന് താരം പറയുന്നു. ‘ആ സമയത്ത് ഫേസ്ബുക്ക് ​ഗ്രൂപ്പ് സജീവമായിരുന്നു, സംവിധായകരും എഴുത്തുകാരുമുള്ള ഒരു ​ഗ്രൂപ്പുണ്ടായിരുന്നു. ആ ​ഗ്രൂപ്പിന്റെ പേര് ഇപ്പോൾ ഓർമ്മയിൽ ഇല്ല. ആ ​ഗ്രൂപ്പിൽ സിനിമ സംബന്ധമായ ചർച്ചയിൽ പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യണോ വേണ്ടയോ എന്ന ഒരു ചോദ്യത്തിൽ ഞാൻ ഇങ്ങനെ കമന്റ് ഇട്ടു-‘തീർച്ചയായും ചെയ്യണം.

പുതുമുഖങ്ങളിൽ ഒത്തിരി ടാലന്റായിട്ടുള്ളവർ പുറത്തുണ്ട്. അവർക്കും അവസരം കൊടുക്കാം, അതിനുള്ള സ്പെയസ് മലയാള സിനിമയിലുണ്ട്’. ഇത് കണ്ട ലിറ്റിൽ മാസ്റ്റർ തിരക്കഥാകൃത്ത് മഹേഷ് മിത്ര എനിക്ക് പേഴ്സണൽ മെസേജ് അയച്ചു.

ഞാൻ മഹേഷ് മിത്രയാണെന്നും, എനിക്ക് നമ്പർ തരൂ, തിരുവനന്തപുരത്ത് ഞാൻ വരും അന്ന് എന്നെ വന്ന് കാണുക എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്’ എന്ന് നിതിൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *