മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സ്ക്രീനിൽ ഒന്നിക്കുന്നു എന്ന വാർത്ത സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് പൂർണ്ണദൈർഘ്യമുള്ള വേഷങ്ങളിൽ ഇരുവരും ഒരുമിച്ചെത്തുന്നത്. ഒരു ഹൈ-വോൾട്ടേജ് പൊളിറ്റിക്കൽ ത്രില്ലറാണെന്ന് സൂചനയുള്ള ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
മലയാള സിനിമയുടെ രണ്ട് വിസ്മയങ്ങൾ വർഷങ്ങൾക്കുശേഷം വീണ്ടും ഒരുമിച്ച് സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകത ‘പേട്രിയറ്റി’നുണ്ട്. ജിയോ ഹോട്സ്റ്റാറിൽ ഏപ്രിൽ 23-ന് വൈകുന്നേരം 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കുന്ന ‘പേട്രിയറ്റ്: ലെജൻഡ്സ് ഹാങ്ഔട്ട്’, വെറുമൊരു പ്രൊമോഷണൽ വീഡിയോ എന്നതിലുപരി താരങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളും സിനിമയിലെ അനുഭവങ്ങളും പങ്കുവെക്കുന്ന ഒന്നായിരിക്കും.
കേരളത്തിന് പുറമെ ശ്രീലങ്ക, ലണ്ടൻ, ഡൽഹി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘പേട്രിയറ്റ്’ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നാണ്. സ്പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിനായി വൻ തുകയാണ് നിർമ്മാതാക്കളായ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചിലവഴിച്ചിരിക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യയും മികച്ച ആക്ഷൻ കൊറിയോഗ്രാഫിയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
