ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.

ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് “ഐഡന്റിറ്റി”.

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.രാംചരണിനെ നായകനാക്കി ഷങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്. നിലവിൽ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്.

ആസിഫ് അലി സിനിമയായ രേഖാചിത്രവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്. അജിത് നായകനാകുന്ന വിടാമുയർച്ചി, നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഡാകു മഹാരാജ് എന്നീ സിനിമകളാണ് ലിസ്റ്റിൽ ഇടംപിടിച്ച തമിഴ്, തെലുങ്ക് സിനിമകൾ

ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്. ഐഡന്റിറ്റിയുടെ തമിഴ് ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്

Leave a Reply

Your email address will not be published. Required fields are marked *