മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ.
സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്ററും വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്.മണിക്കുട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും വീഡിയോയുമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മണി എന്നാണ് കഥാപാത്രത്തിന്റെ പേര്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിൽ ഒരു കഥാപാത്രത്തിന് മണിക്കുട്ടൻ ശബ്ദം നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
ലൂസിഫറിൽ ശബ്ദം മാത്രമാണെങ്കിൽ എമ്പുരാനിൽ താൻ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് മണിക്കുട്ടൻ പറഞ്ഞു. ലൂസിഫറിൽ ഡബ് ചെയ്തപ്പോൾ രണ്ടാം ഭാഗമുണ്ടായാൽ അതിൽ ഒരു കഥാപാത്രം ചെയ്യുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചതാണ് ഇതുപോലെ മനോഹരമായ ഒരു കഥാപാത്രം തനിക്ക് ലഭിച്ചതെന്ന് മണിക്കുട്ടൻ പറഞ്ഞു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
