കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് ഐപിഎൽ മത്സരക്രമം പരമ്പരാഗത മാർച്ച്-മെയ് മാസങ്ങളിൽ നിന്നും സെപ്റ്റംബർ-ഒക്ടോബർ കാലയളവിലേക്ക് മാറ്റാൻ ബിസിസിഐ ആലോചിക്കുന്നതായി ഐപിഎൽ ചെയർമാൻ അരുൺ ധുമൽ വെളിപ്പെടുത്തി.
2026 സീസണിൽ കളിക്കാരും കാണികളും നേരിട്ട കടുത്ത ചൂടിന്റെ പശ്ചാത്തലത്തിലും, 2027-ന് ശേഷമുള്ള ടൂർണമെന്റ് വികസന പദ്ധതികളുടെ ഭാഗമായുമാണ് ഈ നീക്കം. ദീപാവലി ഉത്സവ സീസണായതിനാൽ പരസ്യദാതാക്കൾക്കും ഈ മാറ്റം വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബ്രോഡ്കാസ്റ്റർമാരുമായി ചർച്ച ചെയ്ത് മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും ധുമൽ അറിയിച്ചു.
