കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് ലിമിറ്റഡ് നീക്കം ശക്തമാക്കി. സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്.സി.യുടെ ഉടമകളായ ഐ.ബി.എസ്. ഗ്രൂപ്പാണ് (വി.കെ. മാത്യൂസ്) ക്ലബ് ഏറ്റെടുക്കുന്നതിനായുള്ള ചർച്ചകളിൽ മുന്നിലുള്ളത്. കടബാധ്യതകൾ ഉൾപ്പെടെ 150 കോടിയിലേറെ രൂപയാണ് മാഗ്നം ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
എന്നാൽ 60 മുതൽ 80 കോടി രൂപ വരെ നൽകാൻ ഐ.ബി.എസ്. സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ തുക സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മുൻപ് ലുലു ഗ്രൂപ്പ് താല്പര്യം കാട്ടിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. നിലവിൽ ഉറുഗ്വായ് താരം അഡ്രിയാൻ ലൂണ ഉൾപ്പെടെ 13 കളിക്കാരുമായി ബ്ലാസ്റ്റേഴ്സിന് കരാർ നിലവിലുണ്ട്.

